Friday, 26 July 2013

റിമ കല്ലിങ്കല്‍ ഓടുകയാണ്. ഉഗാണ്ടന്‍ തെരുവിലൂടെ

രാജേഷ്‌ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം എസ്കേപ്പ് ഫ്രം ഉഗാണ്ട എന്ന മലയാള ചിത്രത്തിലാണ് ഉഗാണ്ടന്‍ തെരുവുകളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുക. ചിത്രത്തില്‍ റിമ കല്ലിങ്കലിന് പുറമേ വിജയ്‌ ബാബു, പാര്‍ത്ഥിപന്‍, മുകേഷ് തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്.

നടന്ന സംഭവമാണ് സിനിമയായി വരുന്നത്. ഉഗാണ്ടയില്‍ കുടുങ്ങിയ ഒരു മലയാളി കുടുംബത്തിന്റെ കഥയാണ്‌ സിനിമയില്‍ ഉള്ളത്. ചിത്രത്തില്‍ ആഫ്രിക്കന്‍ ഭാഷയായ സ്വഹാലിയും കിനിര്വാവാണ്ടയും സംസാര ഭാഷയായി എത്തുന്നു എന്നതും പ്രത്യേകതയാണ്.

ഈ ചിത്രത്തിലെ റിമയുടെ വേഷത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്, ഒരു മൂന്നുവയസ്സുകാരിയുടെ അമ്മയായിട്ടാണ് റിമ ഇതില്‍ അഭിനയിക്കുന്നത്. അകപ്പെട്ടുപോയ കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ റിമയുടെ കഥാപാത്രം ശ്രമം നടത്തുകയാണ്.

ഇതാദ്യമായിട്ടാണ് ഒരു മലയാളചിത്രം പൂര്‍ണമായും ആഫ്രിക്കയില്‍ ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്നത് ഉഗാണ്ടയിലെ ലുസിറ മാക്‌സിമം സെക്യൂരിറ്റി ജയിലില്‍ വച്ചാണ്. നൈല്‍ നദിയുടെ ഉത്ഭവസ്ഥാനത്തു വച്ചും ചുടുനീരുറവള്‍ക്കും, സജീവമായ അഗ്നിപര്‍വ്വതങ്ങളുടെ സമീപം വച്ചുമെല്ലാം ചിത്രം ഷൂട്ട് ചെയ്യുന്നുണ്ടെന്ന് സംവിധായകന്‍ രാജേഷ് നായര്‍ പറയുന്നു.

Monday, 8 July 2013

ഹൃത്വിക്കിന്റെ തലച്ചോറില്‍ രക്തംകട്ടപിടിക്കാന്‍ കാരണമായത് തുടര്‍ച്ചയായുള്ള സംഘട്ടനങ്ങള്‍

സിനിമയിലെ ആക്ഷന്‍ രംഗങ്ങളില്‍ തുടര്‍ച്ചയായി അഭിനയിക്കേണ്ടി വന്നതുമൂലമാണ് ബോളിവുഡ് താരം ഹൃത്വിക് റോഷന് തലച്ചോറില്‍ രക്തം കട്ടപിടിച്ചതെന്ന് ന്യൂറോളജിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. പുതിയ സിനിമയായ ബാംഗ് ബാംഗിന്റെ ചിത്രീകരണത്തിനിടയില്‍ വെച്ച് ഹൃത്വിക്കിന്റെ തലക്ക് പരിക്കേറ്റിരുന്നതായി അച്ഛന്‍ രാകേഷ് രോഷന്‍ പറഞ്ഞു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹൃത്വിക്കിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

കഴിഞ്ഞ മാസത്തിലാണ് തുടര്‍ച്ചയായുള്ള തലവേദന മൂലം ഹൃത്വിക്ക് വൈദ്യസഹായം തേടുന്നത്. കുടുംബ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം സി.ടി സ്‌കാന്‍ നടത്തിയെങ്കിലും ആദ്യ തവണ സംശയകരമായി യാതൊന്നും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ച വേദന സംഹാരികള്‍ ഹൃത്വിക് റോഷന്‍ കഴിക്കുന്നുണ്ടായിരുന്നു.

ഹൃത്വിക്കിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമയായ ബാംഗ് ബാംഗിലും ക്രിഷ് 3ലും നിരവധി ആക്ഷന്‍ രംഗങ്ങളുണ്ട്. ഇതിന്റെ ചിത്രീകരണത്തിനിടയിലെപ്പോഴോ സംഭവിച്ച ക്ഷതമാകാം പിന്നീട് ഗുരുതരമായതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. തല എവിടെയെങ്കിലും ശക്തമായി തട്ടുകയോ ഇടിക്കുകയോ ചെയ്തതിന്റെ ഫലമായി തലച്ചോറിന്റെ ഇടതുഭാഗത്തെ രക്തക്കുഴലില്‍ നിന്നും നേരിയ തോതില്‍ രക്തം പുറത്തേക്ക് വന്നുവെന്നാണ് കരുതപ്പെടുന്നത്.

ഇടത്തേഭാഗത്ത് തലയോട്ടിക്കും തലച്ചോറിനുമിടയില്‍ മൂന്ന് ഭാഗത്താണ് രക്തം കട്ടപിടിച്ചിരുന്നത്. രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് വലത്തേ കൈപത്തിക്കും കയ്യിനും തരിപ്പും തളര്‍ച്ചയും അനുഭവപ്പെട്ട ഹൃത്വിക്ക് ഡോക്ടറെ വീണ്ടും സമീപിച്ചു. ഇത്തവണ നടത്തിയ സി.ടി. സ്‌കാനിലാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ച വിവരം മനസിലായത്.

തുടര്‍ന്നാണ് അടിയന്തരമായി ശസ്ത്രക്രിയക്ക് ഹൃത്വിക്കിനെ വിധേയനാക്കിയത്. ഇന്നലെ രാത്രിയില്‍ ഷൂട്ടിംഗിനായി ഗ്രീസിലേക്ക് പോകാന്‍ നിശ്ചയിച്ചതായിരുന്നു. എന്നാല്‍ ശസ്ത്രക്രിയക്കുശേഷം മൂന്നു നാല് ആഴ്ച്ച ഹൃത്വിക്കിന് വിശ്രമം ആവശ്യമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതോടെ ഹൃത്വിക്കിന്റെ സിനിമകളുടെ ചിത്രീകരണം വൈകുമെന്ന് ഉറപ്പായിരിക്കുകയാണ്.

Tuesday, 2 July 2013

മലയാളി ഹൗസില്‍ മുണ്ടുരിയല്‍ വിവാദം; ഷെറിനും സാഷയും പൊരിഞ്ഞ അടി !

ദിനേന ഓരോ വിവാദങ്ങള്‍ ഉണ്ടാക്കി മലയാളികള്‍ക്ക് വിവിധ പാഠങ്ങള്‍ ദിനേന നല്‍കി മുന്നോട്ട് പോകുന്ന സൂര്യ ടിവിയുടെ മലയാളി ഹൗസ് റിയാലിറ്റി ഷോയില്‍ മുണ്ടുരിയല്‍ വിവാദവും. സാധാരണ കേരള രാഷ്ട്രീയത്തില്‍ മാത്രം പറഞ്ഞു കേട്ടിരുന്ന മുണ്ടുരിയല്‍ കേസ് ഇപ്പോള്‍ മലയാളികളുടെ സ്വന്തം ഷോയിലേക്കും വന്നിരിക്കുകയാണ്. സംഭവത്തില്‍ പ്രതി മറ്റാരുമല്ല, ഗായകന്‍ ഷെറിന്‍ തന്നെയാണ്. മുണ്ടുരിയലിന് സാക്ഷിയായതോ, സാഷയും.

അടുക്കളയില്‍ വെച്ച് കയ്യില്‍ മുള്ള് കയറിയ ഷെറിന്‍ അതെടുക്കാനുള്ള ശ്രമം ആയിരുന്നു. തോര്‍ത്ത്‌ എടുത്തായിരുന്നു കക്ഷിയുടെ നില്‍പ്പ്. ആ സമയത്ത് കയ്യില്‍ നിന്നും മുള്ള് എടുക്കാനുള്ള ശ്രമത്തിനിടെ മുണ്ട് മുറുക്കാന്‍ ഷെറിന്‍ മറന്നു. മുണ്ട് അഴിഞ്ഞു എന്ന് പ്രത്യേകം പറയേണ്ടല്ലോ. ആ സമയത്ത് അവിടേക്ക് വന്ന സാഷ കണി കണ്ടത് പോലുള്ള അവസ്ഥയിലും ആയി.

പിന്നീടു അവിടെ നടന്നത് കൂട്ട ചീത്ത വിളി ആണ് എന്ന പ്രത്യേകം പറയേണ്ടതില്ലലോ.