Tuesday, 11 June 2013

മധുരയിലെ അധോലോക നായകന്‍ ശിവന്‍, അനുയായി ശക്തി

മോഹന്‍ലാലിന്‍റെ പുതിയ അവതാരം - ശിവന്‍. ആള്‍ ചില്ലറക്കാരനല്ല. മധുരയിലെ അധോലോകം ഭരിക്കുന്നയാളാണ്. പ്രവര്‍ത്തനകേന്ദ്രം മധുരയാണെങ്കിലും ആള്‍ മലയാളിയാണ്. മധുരയില്‍ ശിവന്‍ പറയുന്നതാണ് അവസാനവാക്ക്. അത് കള്ളക്കടത്തിലായാലും അതേ, കള്ളുകച്ചവടത്തിലായാലും അതേ. പ്രദേശവാസികള്‍ അയാളെ ദൈവത്തെപ്പോലെയാണ് കരുതുന്നത്.

‘ജില്ല’ എന്ന തമിഴ് സിനിമയിലാണ് മോഹന്‍ലാല്‍ ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശിവന് പുത്രതുല്യനും അടുത്ത അനുയായിയുമായ ‘ശക്തി’ എന്ന കഥാപാത്രമായി സാക്ഷാല്‍ ഇളയദളപതി വിജയ് എത്തുന്നു. ശിവന്‍റെ ഭാര്യയായി എത്തുന്നത് പൂര്‍ണിമ ഭാഗ്യരാജാണ്.

ശിവനും ശക്തിയും ചേര്‍ന്നാല്‍ - ശിവശക്തി. ആര്‍ക്കും പിടിച്ചാല്‍ കിട്ടില്ല. ഏറ്റവും വലിയ അധികാരകേന്ദ്രം. ഈ ടീമിനെ തകര്‍ക്കാന്‍ ശത്രുക്കള്‍ ആഗ്രഹിക്കാതെയിരിക്കുമോ? അവര്‍ എല്ലാ സന്നാഹങ്ങളോടെയും ശിവനും ശക്തിക്കുമെതിരെ ആഞ്ഞടിക്കും. ആ പോരാട്ടങ്ങളുടെ കഥയാണ് ‘ജില്ല’ എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനായ നേശന്‍ പറയുന്നത്.

മലയാളിതാരം നിവേദ തോമസും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മലയാളി ഹൗസില്‍ നിന്നും രേവതി പിന്മാറി

ദിവസം തോറും വന്‍ തോതില്‍ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന സുര്യ ടിവിയിലെ മലയാളി ഹൗസ്‌ എന്ന റിയാലിറ്റി ഷോയുടെ അവതാരക സ്ഥാനത്ത് നിന്നും നടി രേവതി പിന്‍മാറിയിരിക്കുന്നു. പരിപാടിക്കെതിരെ വന്‍ പ്രതിഷേധം വന്നതിനെ തുടര്‍ന്നാണ് രേവതിയുടെ പിന്‍മാറ്റം.

സംസ്കാരത്തിന് നിരക്കാത്ത ദൃശ്യങ്ങളാണ് പരിപാടിയിലൂടെ കേരള ജനതയെ കാണിക്കുന്നത് എന്ന തരത്തില്‍ ചാനലിനും രേവതിക്കും വിമര്‍ശന ശരങ്ങള്‍ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരില്‍ നിന്നും വനിതാ കമ്മീഷനില്‍ നിന്നടക്കം വന്നതോടെയാണ് രേവതിയുടെ പിന്മാറ്റം എന്നാണ് കേള്‍ക്കുന്നത്. ഈ പരിപാടി ആദ്യദിനം തന്നെ അവതരിപ്പിച്ചിരുന്നത് രേവതിയായിരുന്നു. ഒരു വീട്ടില്‍ പ്രധാനതാരങ്ങളെല്ലാം താമസിച്ചുകൊണ്ടുള്ളതാണ് മലയാളി ഹൗസ്. പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ്‌ ബ്രദര്‍ പ്രോഗ്രാമിനെ കൊപ്പിയടിച്ചാണ് സുര്യ ഈ പരിപാടി മലയാളികള്‍ക്ക് മുന്‍പില്‍ ആരംഭിച്ചത്.

സോഷ്യല്‍ മീഡിയയില്‍ അടക്കം രേവതിക്കെതിരെ വന്‍ ചീത്ത വിളികള്‍ നടക്കുന്നത് താരത്തിനെ ബാധിക്കും എന്ന് മനസ്സിലാക്കിയാണ് സ്വയമുള്ള ഈ പിന്മാറ്റം. പരിപാടിയുടെ അവതാരകയുടെ സ്ഥാനത്തു നിന്ന് മാറുന്നതായി രേവതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇനി പങ്കെടുക്കില്ലെന്നാണ് അറിയുന്നത്. മികച്ച നടി, സംവിധായിക, പൊതുപ്രവര്‍ത്തക എന്നീ നിലകളില്‍ അറിയപ്പെടുന്ന രേവതിയുടെ സംസ്‌കാരത്തിനു ചേര്‍ന്നതല്ല ഈ പ്രോഗ്രാം എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ രേവതിയെ മാറ്റി ചിന്തിപ്പിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

'ഒരു സിനിമാകഥ' യുമായി പൃഥ്വിയും വിനീത് ശ്രീനിവാസനും

പൃഥ്വിരാജും വിനീത് ശ്രീനിവാസനും ഒന്നിക്കുന്നു. സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഈ പുതിയ കൂട്ടുകെട്ട്. പൃഥ്വിരാജിനൊപ്പം ആദ്യമായാണ് വിനീത് ഒരു സിനിമയില്‍ അഭിനയിക്കുന്നത്.

‘ഒരു സിനിമാക്കഥ’ എന്നാണ് ചിത്രത്തിന്‍റെ പേര്. പൂര്‍ണമായും മുംബൈയില്‍ ചിത്രീകരിക്കാനാണ് സുഗീത് പ്ലാന്‍ ചെയ്തിരിക്കുന്നത്.

കുര്‍ബാന്‍ ഫിലിംസിന്‍റെ ബാനറില്‍ ഷഹീര്‍ സേഠാണ്‌ ‘ഒരു സിനിമാക്കഥ’ നിര്‍മ്മിക്കുന്നത്. ഒരു അടിപൊളി എന്‍റര്‍ടെയ്നര്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് സുഗീതും പൃഥ്വിയും വിനീത് ശ്രീനിവാസനും.

ഓര്‍ഡിനറി, ത്രീ ഡോട്ട്‌സ് എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം സുഗീത് ഒരുക്കുന്ന ഈ സിനിമയില്‍ മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

Monday, 10 June 2013

രഞ്ജിത്തിന്‍റെ മഞ്ജുവാര്യര്‍ ചിത്രം, മമ്മൂട്ടി നായകന്‍ ആകുമോ ?

മഞ്ജുവാര്യരുടെ ഒരു ചിത്രം. അങ്ങനെ ഒരാലോചനയിലാണ് സംവിധായകന്‍ രഞ്ജിത് എന്ന് റിപ്പോര്‍ട്ടുകള്‍. സിനിമയിലേക്ക് മടങ്ങിവരവിന് ഒരുങ്ങുന്ന മഞ്ജുവാര്യര്‍ക്ക് ലോഞ്ചിംഗ് വെഹിക്കിളായി രഞ്ജിത് ചിത്രം മാറും എന്നാണ് വിവരം.

ഗീതു മോഹന്‍‌ദാസ്, സത്യന്‍ അന്തിക്കാട് എന്നിവര്‍ മഞ്ജുവാര്യരെ നായികയാക്കിയുള്ള പ്രൊജക്ട് പ്ലാന്‍ ചെയ്യുന്നുണ്ട്. എന്നാല്‍ തനിക്ക് തിരിച്ചുവരാന്‍ ഏറ്റവും മികച്ച വഴി രഞ്ജിത് ചിത്രം തന്നെയാണെന്ന തിരിച്ചറിവിലാണ് മഞ്ജുവാര്യര്‍ എന്നാണ് സൂചന.

കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത തന്‍റെ വെബ്‌സൈറ്റ് വന്‍‌ഹിറ്റായതിന്‍റെ ആവേശത്തിലാണ് മഞ്ജുവാര്യര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. തന്‍റെ നൃത്തപരിപാടികളെയും ഡാന്‍സ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെയും വെബ്‌സൈറ്റ് വഴി ഏകോപിപ്പിക്കാനാണ് മഞ്ജുവിന്‍റെ നീക്കം. മാത്രമല്ല, ബ്ലോഗ് എഴുത്ത് സജീവമാക്കാനും പദ്ധതിയുണ്ട്.

ആറാം തമ്പുരാന്‍, സമ്മര്‍ ഇന്‍ ബേത്‌ലഹേം തുടങ്ങിയ സിനിമകളില്‍ ഗംഭീര കഥാപാത്രങ്ങളെ മഞ്ജുവാര്യര്‍ക്ക് സമ്മാനിച്ചയാളാണ് രഞ്ജിത്. അതുപോലെ ശക്തമായ കഥാപാത്രത്തെ തന്‍റെ പുതിയ സിനിമയിലും രഞ്ജിത് മഞ്ജുവിനായി ഒരുക്കും എന്ന് പ്രതീക്ഷിക്കാം.

വാല്‍ക്കഷണം: മമ്മൂട്ടി ഇതുവരെ മഞ്ജു വാര്യരുടെ നായകനായിട്ടില്ല. തന്‍റെ എല്ലാ സിനിമകളിലും മമ്മൂട്ടിയെ നായകനാക്കാന്‍ ആഗ്രഹിക്കുന്നയാളാണ് രഞ്ജിത്. മഞ്ജുവാര്യരെ നായികയാക്കി രഞ്ജിത് എടുക്കുന്ന സിനിമയില്‍ മമ്മൂട്ടി നായകനാകുമോ എന്ന് സിനിമാലോകം കാത്തിരിക്കുകയാണ്.

Friday, 7 June 2013

ഒളിക്യാമറ വെച്ച് നഗരത്തിലെ ലൈംഗിക അതിക്രമം സിനിമയാക്കുമെന്ന് സംവിധായകന്‍ VKP


ഒളിക്യാമറ വെച്ച് തിരുവനന്തപുരം നഗരത്തിലെ ലൈംഗിക അതിക്രമം സിനിമയാക്കുമെന്ന് സംവിധായകന്‍ വി കെ പ്രകാശ്‌ പറഞ്ഞു. ഒരു നഗരത്തിലെ യഥാര്‍ത്ഥ ജീവിതം എന്താണെന്ന് ഈ സിനിമയിലൂടെ നിങ്ങള്‍ക്ക്‌ ബോധ്യപ്പെടുമെന്ന് അദ്ദേഹം പറയുന്നു. അദ്ധേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘താങ്ക്യൂ’വിലെ ചില ഭാഗങ്ങള്‍ ആണ് ഒളിക്യാമറ വെച്ച് ചിത്രീകരിക്കുക. ജയസൂര്യയും ഹണിറോസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാലിക പ്രസക്തിയുള്ള വിഷയമാണ് ‘താങ്ക്യൂ’കൈകാര്യം ചെയ്യുന്നത്. ലൈംഗിക അതിക്രമങ്ങള്‍ക്കെതരെ എല്ലാവരും പ്രതികരിക്കേണ്ടതുണ്ടെന്ന സന്ദേശമാണ് ചിത്രത്തിലൂടെ നല്കുക. ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലെ ചില ഭാഗങ്ങളും അദ്ദേഹം ഒളിക്യാമറ വെച്ചാണ് ചിത്രീകരിച്ചത്.

Monday, 3 June 2013

Romeo and Juliet Malayalam Movie Review

സ്റ്റയിലിഷ് സ്റ്റാറിന്റെ സ്റ്റ്യിലന്‍ പെര്‍ഫോമന്‍സുമായി മലയാളക്കരയെ ത്രില്ലടിപ്പിക്കുവാണ് തെലുങ്കില്‍ നിന്ന് തര്‍ജിമ  ചെയ്തെത്തിയ റോമിയോ ആന്‍റ് ജൂലിയെറ്റ്. അവസാന രണ്ടു ചിത്രങ്ങളും പരാജയമായെങ്കിലും, ഇത്തവണ രണ്ടിലൊന്ന് തീരുമാനിച്ചാണ് അല്ലു എത്തിയിരിക്കുന്നത്. കിടിലന്‍ പാട്ടുകളും, ഹോളിവുഡിനെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളും അടിപൊളി ട്വിസ്ടുകളും നിറഞ്ഞ ഒരു പക്കാ എന്റെര്‍റ്റൈനെര്‍ ആണ് പുരി ജഗനാഥ് ഒരുക്കിയിരിക്കുന്നത്.

ലാസ്റ്റ് രണ്ടു ചിത്രങ്ങളിലെ പോലെ തന്നെ മുട്ടിനു മുട്ടിനു പാട്ട് ഉണ്ടെങ്കിലും ഒന്നും നമ്മെ ബോറടിപ്പിക്കുന്നില്ല. എല്ലാ പാട്ടുകളും പ്രേക്ഷകരെ രസിപ്പിക്കുന്നു Devi Sri Prasad ആണ് സോങ്ങ്സ് ഒരുക്കിയിരിക്കുന്നത്. നര്‍മത്തില്‍ ചാലിച്ച സംഭാഷണവും തീയറ്റെറില്‍ പൊട്ടിച്ചിരി ഉണര്‍ത്തുന്നു. എടുത്തു പറയേണ്ടത് Ong Bak 2 ല്‍ ടോണി ജായുടെ സ്ടണ്ട് ഡയറക്ടര്‍ ആയിരുന്ന Kaeche Kampakdee ടെ ആക്ഷന്‍ രംഗങ്ങളാണ്, ഇതുതന്നെയാണ് പടത്തിന്റെ ഹൈലയിറ്റും.
ചിത്രത്തിനാദ്യം  മുതല്‍ അവസാനം വരെ ഫുള്‍ ഫ്രീക്ക് ആയ അല്ലുവിനെ തകര്‍പ്പന്‍ പെര്‍ഫോമന്‍സോടെ കാണാം. അമല പോളും കാതെറീന ട്രെസയും നന്നായി തന്നെ അവരവരുടെ റോളുകള്‍ കൈകാര്യം ചെയ്തു.

കഥയില്‍ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും, ഓരോ ട്വിസ്റ്റും പ്രേക്ഷകര്‍ പ്രതീക്ക്ഷിക്കാതെയാണ് എത്തുന്നത്‌. എന്റെര്‍റ്റൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു എന്റര്‍റ്റൈനെര്‍ ആയിരിക്കും റോമിയോ ആന്‍റ് ജൂലിയെറ്റ്.

Clap Media Rating - 7/10

Movie Trailer

മാന്നാര്‍ മത്തായി തിരിച്ചുവരുന്നു, സംവിധാനം മമാസ് !

1971ല്‍ പുറത്തിറങ്ങിയ ‘സീ ദി മാന്‍ റണ്‍’ എന്ന ഇംഗ്ലീഷ് ചിത്രം, 1979ല്‍ ബസു ചാറ്റര്‍ജി സംവിധാനം ചെയ്ത ഹിന്ദിച്ചിത്രം ‘ദോ ലഡ്കേ ദോനോ കഡ്കേ’ എന്നിവ ഒരു മലയാള സിനിമയ്ക്ക് പ്രചോദനമായി. 1989ല്‍ ആ മലയാള ചിത്രം പുറത്തിറങ്ങിയപ്പോള്‍ അത് ചരിത്രവിജയവുമായി. സിദ്ദിക്ക്-ലാല്‍ സംവിധാനം ചെയ്ത ‘റാംജിറാവു സ്പീക്കിംഗ്’ എന്ന സിനിമയെക്കുറിച്ചാണ് പറഞ്ഞുവന്നത്.

മലയാളത്തില്‍ സിദ്ദിക്ക്-ലാല്‍ തരംഗത്തിന് തുടക്കം കുറിച്ച റാം‌ജിറാവു സ്പീക്കിംഗ്, തൊഴില്‍ രഹിതരായ ചെറുപ്പക്കാരുടെ പ്രശ്നങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചപ്പോള്‍ മലയാളത്തില്‍ കോമഡി സിനിമകളുടെ കുത്തൊഴുക്കിന് കൂടിയാണ് തുടക്കമായത്. ഇന്നസെന്‍റ്, സായികുമാര്‍, മുകേഷ്, വിജയരാഘവന്‍ തുടങ്ങിയവരായിരുന്നു റാം‌ജിറാവുവിലെ പ്രധാന താരങ്ങള്‍.

വര്‍ഷങ്ങള്‍ക്ക് ശേഷം ‘മാന്നാര്‍ മത്തായി സ്പീക്കിംഗ്’ എന്ന പേരില്‍ ആ സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടായി. സംവിധായകന്‍റെ സ്ഥാനത്ത് മാണി സി കാപ്പന്‍റെ പേരാണ് ക്രെഡിറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നതെങ്കിലും സിദ്ദിക്ക് ആണ് ആ ചിത്രം സംവിധാനം ചെയ്തത്. ആല്‍‌ഫ്രഡ് ഹിച്ച്‌കോക്കിന്‍റെ ‘വെര്‍ട്ടിഗോ’ ആണ് മാന്നാര്‍ മത്തായി എന്ന സിനിമയ്ക്ക് പ്രചോദനമായത്. മാന്നാര്‍ മത്തായിയും മെഗാഹിറ്റായി.

ഇപ്പോഴിതാ, റാംജിറാവുവിന്‍റെ മൂന്നാം ഭാഗത്തിന് കളമൊരുങ്ങുകയാണ്. പ്രശസ്ത സംവിധായകന്‍ മമാസ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഇന്നസെന്‍റും മുകേഷും സായികുമാറും വിജയരാഘവനും തന്നെ ഈ സിനിമയിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മമാസ് ഇപ്പോള്‍ ഈ സിനിമയുടെ തിരക്കഥാജോലികളുമായി തിരക്കിലാണ്.

പാപ്പി അപ്പച്ചാ, സിനിമാ കമ്പനി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത മമാസിന് പുതിയ സംരംഭം വെല്ലുവിളികള്‍ നിറഞ്ഞതാണ്. റാംജിറാവുവിനെപ്പോലെ, മാന്നാര്‍ മത്തായിയെപ്പോലെ മൂന്നാം ഭാഗവും വലിയ ഹിറ്റാക്കുക എന്നതുതന്നെ ഏറ്റവും വലിയ വെല്ലുവിളി.