Tuesday, 11 June 2013

മലയാളി ഹൗസില്‍ നിന്നും രേവതി പിന്മാറി

ദിവസം തോറും വന്‍ തോതില്‍ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന സുര്യ ടിവിയിലെ മലയാളി ഹൗസ്‌ എന്ന റിയാലിറ്റി ഷോയുടെ അവതാരക സ്ഥാനത്ത് നിന്നും നടി രേവതി പിന്‍മാറിയിരിക്കുന്നു. പരിപാടിക്കെതിരെ വന്‍ പ്രതിഷേധം വന്നതിനെ തുടര്‍ന്നാണ് രേവതിയുടെ പിന്‍മാറ്റം.

സംസ്കാരത്തിന് നിരക്കാത്ത ദൃശ്യങ്ങളാണ് പരിപാടിയിലൂടെ കേരള ജനതയെ കാണിക്കുന്നത് എന്ന തരത്തില്‍ ചാനലിനും രേവതിക്കും വിമര്‍ശന ശരങ്ങള്‍ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരില്‍ നിന്നും വനിതാ കമ്മീഷനില്‍ നിന്നടക്കം വന്നതോടെയാണ് രേവതിയുടെ പിന്മാറ്റം എന്നാണ് കേള്‍ക്കുന്നത്. ഈ പരിപാടി ആദ്യദിനം തന്നെ അവതരിപ്പിച്ചിരുന്നത് രേവതിയായിരുന്നു. ഒരു വീട്ടില്‍ പ്രധാനതാരങ്ങളെല്ലാം താമസിച്ചുകൊണ്ടുള്ളതാണ് മലയാളി ഹൗസ്. പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ്‌ ബ്രദര്‍ പ്രോഗ്രാമിനെ കൊപ്പിയടിച്ചാണ് സുര്യ ഈ പരിപാടി മലയാളികള്‍ക്ക് മുന്‍പില്‍ ആരംഭിച്ചത്.

സോഷ്യല്‍ മീഡിയയില്‍ അടക്കം രേവതിക്കെതിരെ വന്‍ ചീത്ത വിളികള്‍ നടക്കുന്നത് താരത്തിനെ ബാധിക്കും എന്ന് മനസ്സിലാക്കിയാണ് സ്വയമുള്ള ഈ പിന്മാറ്റം. പരിപാടിയുടെ അവതാരകയുടെ സ്ഥാനത്തു നിന്ന് മാറുന്നതായി രേവതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇനി പങ്കെടുക്കില്ലെന്നാണ് അറിയുന്നത്. മികച്ച നടി, സംവിധായിക, പൊതുപ്രവര്‍ത്തക എന്നീ നിലകളില്‍ അറിയപ്പെടുന്ന രേവതിയുടെ സംസ്‌കാരത്തിനു ചേര്‍ന്നതല്ല ഈ പ്രോഗ്രാം എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ രേവതിയെ മാറ്റി ചിന്തിപ്പിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

No comments:

Post a Comment