Tuesday, 25 June 2013

5 സുന്ദരികള്‍ Malayalam Movie REVIEW


ഒരുപാട് സംവിധായകര്‍ ചേര്‍ന്നു ഒരു സിനിമ.. ഇങ്ങനെ ഒരു അനുഭവം കേരള കഫേയിലൂടെ ഒരിക്കല്‍ മലയാളികള്‍ കണ്ടറിഞ്ഞിട്ടുള്ളതാണു.5 ഷോര്‍ട്ട് ഫിലിമുകള്‍. സേതുലക്ഷ്മി, ഇഷ,ഗൗരി, കുള്ളന്റെ ഭാര്യ, ആമി ഇങ്ങനെ 5 സുന്ദരികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് 5 സംവിധായകര്‍ ( ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിക്ക് അബു, അമല്‍ നീരദ് , അന്‍വര്‍ റഷീദ്) സംവിധാനം ചെയ്ത 20 മിനുട്ടോളം ദൈര്‍ഘ്യം വരുന്ന 5 കഥകള്‍. അതാണു 5 സുന്ദരികള്‍ എന്ന സിനിമ.

അമല്‍ നീരദിന്റെ "കുള്ളന്റെയും ഭാര്യ".. മഴയുടെ പശ്ചാത്തലത്തില്‍ housing society-യില്‍ താമസിക്കാനെത്തുന്ന കുള്ളന്റെയും ഭാര്യയുടെയും കഥ ഒരു ഫോട്ടൊഗ്രാഫറുടെ ദൃഷ്ടി കോണിലൂടെയും നരേഷനിലൂടെയുമാണ് അവതരിപ്പിക്കുന്നത്. കഥയിലെ യഥാര്‍ഥ ഹീറോ കുള്ളനായി മാറുമ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ വെറുമൊരു സൂത്രധാരനായിപ്പോകുന്നത് നിരാശപ്പെടുത്തുമെങ്കിലും ചിത്രം ദ്രൂശ്യ മനോഹരവും ഹ്രുദയസ്പര്‍ഷിയുമാണ്. സംവിധായകന്റെയും ഛായാഗ്രഹകന്റെയും എഡിറ്ററുടെയും മികവിനോടൊപ്പം, മനോഹരമായ പശ്ചാത്തല സംഗീതവും കുള്ളന്റെ ഭാര്യയെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുന്നു.

ആഷിക് അബുവിന്റെ "ഗൗരി" കാവ്യാമാധവന്റെ ശാലീന സൗന്ദര്യം കൊണ്ടോ, ബിജു മേനോനുമായുള്ള കൂട്ടുകെട്ടുകൊണ്ടോ പ്രേക്ഷകരെ ആകര്‍ഷിച്ചില്ല എന്നു വേണം കരുതാന്‍ . അമല്‍ നീരദിന്റെ സംഭാവനയായ സിനിമയുടെ മൂലകഥയില്‍ നിന്നും വികസിപ്പിച്ചെടുത്ത തിരക്കഥ "ഗൗരിയെ" സുന്ദരിയാക്കിയില്ല എന്നു തന്നെ പറയാം. ആഷിഖ് അബുവില്‍ നിന്നും ഇങ്ങനെ ഒരു ചിത്രം പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. ശക്തമായ ഒരു തിരകഥ ഇല്ല എങ്കില്‍ ആഷിക്ക് അബു എന്ന സംവിധായകൻ വട്ട പൂജ്യമാണു എന്ന് ഈ സിനിമ തെളിയിക്കുകയാണു.

കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന തന്റെ ഭര്‍ത്താവിനോട് ( ഫഹദ് ഫാസില്‍ ) ഇടവിട്ട് സല്ലപിക്കുന്ന ആമിയുടെ കടങ്കഥകള്‍ക്കുത്തരം കണ്ടെത്തുന്നതിലൂടെ വികസിക്കുന്ന "ആമി" മലയാളികളുടെ പണത്തോടുള്ള ആര്‍ത്തിയെയും, പരസ്ത്രീ ബന്ധത്തോടുള്ള ആവേശത്തെയും പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഫഹദിന്റെ കഥാപാത്രത്തിലേക്കുള്ള പരിവര്‍ത്തനവും സംഭാഷണത്തിലെ സൂക്ഷമതയും ആമിയെ മനോഹരയാക്കിയിട്ടുണ്ട്. മികച്ച രീതിയില്‍ നൈറ്റ് ഷോട്ടുകള്‍ ഒപ്പിയെടുത്ത അമല്‍ നീരദിന്റെ ഛായാഗ്രാഹണവും അന്‍വര്‍ റഷീദിന്റെ സംവിധാന മികവും ആമിയെ തികച്ചും സുന്ദരിയാക്കിയിരിക്കുന്നു.

എണ്‍പതുകളിലെ ഗ്രാമാന്തരീകഷത്തില്‍ സ്കൂള്‍ വിദ്യാര്‍ഥിനി നേരിടേണ്ടി വരുന്ന ലൈംഗിക ചൂഷണത്തിന്റെ കഥ പറഞ്ഞ " സേതുലക്ഷ്മി"(ഷൈജു ഖാലിദ് ) ..എം മുകുന്ദന്റെ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സേതുലക്ഷ്മിക്ക് അത് കൊണ്ട് തന്നെ ശക്തമായ പ്രമേയത്തിന്റെ പിന്‍ബലമുണ്ട്.ബാല താരങ്ങളുടെ നിഷകളങ്കമായ അഭിനയം സേതുലക്ഷ്മിയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി.

ഒരേ സ്ഥലത്ത് മോഷ്ടിക്കാന്‍ കയറിയ കള്ളനും കള്ളിയും തമ്മില്‍ പ്രണയത്തിലാകുന്ന സമീര്‍ താഹിറിന്റെ " ഇഷ ".ഇഷയില്‍ അഭിനയിച്ച നടി തരക്കേടിലായിരുന്നു അതിലെ നായകന്‍ നിവീന്‍ ഇപ്പോഴും തട്ടത്തിന്റെ മറയത്തില്‍ തന്നെയാണു. ഇടയ്ക്ക് നേരവും.

ഈ 5 ഷോര്‍ട്ട് ഫിലിമുകളില്‍ ഏറ്റവും മികച്ച് നിന്നത് ദുല്‍ഖര്‍ അഭിനയിച്ച കുള്ളന്റെ ഭാര്യയും ഏറ്റവും മോശമായത് കാവ്യ അഭിനയിച്ച ഗൗരിയുമാണു. അഭിനയത്തില്‍ ഏറ്റവും മുന്നില്‍ നിന്നത് ഫഹദ് ഹാസില്‍ ആയിരുന്നു. അര്‍വര്‍ റഷീദിന്റെ ആമിയിലെ നായകനായി ഫഹദ് മികച്ച് നിന്നു. എന്നാല്‍ എടുത്ത് പറയേണ്ടത് ദുല്‍ഖറിന്റെ സാന്നിധ്യമാണു. ഒരു ഡയലോഗ് പോലുമില്ലാതെ മുഴുവൻ വോയ്സ് ഓവറിലും ഭാവങ്ങളിലുമാണു ദുല്‍ഖര്‍ സിനിമയില്‍. എന്നിട്ടും കാണികളുടെ പ്രശംസ പിടിച്ചു പറ്റാന്‍ സാധിച്ചു എന്നതില്‍ അമല്‍ നീരദിനും വലിയ ഒരു പങ്കുണ്ട്.

Review by Benny George

No comments:

Post a Comment