Monday, 17 June 2013

മമ്മൂട്ടിയുടെ വല്യേട്ടനുമായി തല


മലയാളത്തില്‍ നിന്ന് മറ്റ് ഭാഷകളിലേക്ക് സിനിമകള്‍ റീമേക്ക് ചെയ്യുന്നത് പുതിയ സംഭവമല്ല. തമിഴിലെയും മറ്റും പല വന്‍ ഹിറ്റുകളും മലയാള സിനിമകളുടെ റീമേക്ക് ആയിരുന്നു. ചന്ദ്രമുഖി, മുത്തു തുടങ്ങി എത്ര സിനിമകള്‍ വേണമെങ്കിലും ഉദാഹരിക്കാനുണ്ട്.

‘തല’ അജിത്ത് നായകനാകുന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ചില വിവരങ്ങള്‍ അനുസരിച്ച് ആ ചിത്രം ഒരു മലയാള ചിത്രത്തിന്‍റെ റീമേക്കാണെന്ന് സൂചന. ‘സിരുത്തൈ’ ശിവ സംവിധാനം ചെയ്യുന്ന ‘വിനായകം ബ്രദേഴ്സ്’ എന്ന സിനിമയെ ചുറ്റിപ്പറ്റിയാണ് റൂമറുകള്‍ പ്രചരിക്കുന്നത്.

നാല് സഹോദരങ്ങളുടെ മൂത്ത ജ്യേഷ്ഠനായാണ് അജിത് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ‘വല്യേട്ടന്‍’ എന്ന മലയാള സിനിമയുടെ റീമേക്കാണ് ഇതെന്നാണ് സൂചന. മലയാളത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത് അവതരിപ്പിക്കുന്നതെന്നറിയുന്നു.

അജിത്തിന്‍റെ അമ്പത്തിനാലാം ചിത്രമായ ‘വിനായകം ബ്രദേഴ്സ്’ വിജയവാഹിനി സ്റ്റുഡിയോസാണ് നിര്‍മ്മിക്കുന്നത്. തമന്നയാണ് ചിത്രത്തിലെ നായിക. അജിത്തും തമന്നയും ഉടന്‍ തന്നെ ഈ സിനിമയുടെ ഗാനചിത്രീകരണത്തിനായി യൂറോപ്പിലേക്ക് പറക്കും.

ദേവി ശ്രീ പ്രസാദാണ് വിനായകം ബ്രദേഴ്സിന് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സന്താനം, വിദര്‍ത്ഥ്, ബാല തുടങ്ങിയവരും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

No comments:

Post a Comment