‘എ വെനസ്ഡേ’ എന്നൊരു ഹിന്ദിച്ചിത്രം വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. നസറുദ്ദീന്‍ ഷായും അനുപം ഖേറും ചേര്‍ന്ന് അഭിനയിച്ചത്. നീരജ് പാണ്ഡെ സംവിധാനം ചെയ്ത ആ സിനിമ ഏറെ ശ്രദ്ധേയമായിരുന്നു. അതല്ലെങ്കില്‍ അതിന്‍റെ റീമേക്ക് തമിഴില്‍ വന്നിട്ടുണ്ട്. ‘ഉന്നൈപ്പോല്‍ ഒരുവന്‍’ - മോഹന്‍ലാലും കമല്‍ഹാസനും ഒന്നിച്ച സിനിമ.
ഈ സിനിമയില്‍ ഏതെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ ‘താങ്ക് യു’ എന്ന പുതിയ സിനിമ കാണുന്നതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടമുണ്ടാകില്ല. നസറുദ്ദീന്‍ ഷായും കമല്‍ഹാസനും അനശ്വരമാക്കിയ കോമണ്‍മാന്‍ കഥാപാത്രത്തെ ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഒരു സവിശേഷതയെന്ന് വേണമെങ്കില്‍ പറയാവുന്നത്.
തിരുവനന്തപുരം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ബോംബ് വച്ച ശേഷം നമ്മുടെ പേരില്ലാത്ത കോമണ്‍മാനും പൊലീസ് കമ്മീഷണറും(മൈന എന്ന തമിഴ് ചിത്രത്തിലെ സേതു) നടത്തുന്ന ക്യാറ്റ് ആന്‍റ് മൌസ് കളിയാണ് ‘താങ്ക് യു’വിന്‍റെ പ്രമേയം.
തിരക്കഥയിലെ പാളിച്ചയാണ് ഈ സിനിമയുടെ ദൌര്‍ബല്യം. പല മുഹൂര്‍ത്തങ്ങളും ഡയലോഗുകളും തീരെ സില്ലിയായിപ്പോയതിന്‍റെ ഉത്തരവാദിത്തം തിരക്കഥാകൃത്ത് അരുണ്‍ലാലിനും സംവിധായകന്‍ വി കെ പ്രകാശിനും തന്നെയാണ്.
സമൂഹത്തിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. പക്ഷേ അതിന്‍റെ അവതരണത്തില്‍ പുതുമയുണ്ടായിരിക്കണമെന്ന നിര്‍ബന്ധം അവര്‍ക്കുണ്ട്. ‘താങ്ക് യു’ എന്ന സിനിമയ്ക്ക് പിണഞ്ഞത് അതാണ്, പുതുമയൊന്നുമില്ല. എന്ത് കാരണത്തിന് നായകന്‍ കടുത്ത പ്രതികരണത്തിന് ഇറങ്ങുന്നുവോ, ആ കാരണങ്ങളൊന്നും പ്രേക്ഷകരെ സ്വാധീനിക്കുന്നതേയില്ല. കാരണങ്ങള്‍ ശക്തമാണെങ്കിലും ഹീറോയിസം കാണിക്കാനുള്ള പോപ്കോണ്‍ ആക്ടിവിസം മാത്രമായി അത് ചുരുങ്ങുമ്പോള്‍ താങ്ക് യു ഉപരിതല സ്പര്‍ശിയായ ഒരു സിനിമ മാത്രമാകുന്നു.
ജയസൂര്യ തന്‍റെ കഥാപാത്രത്തെ മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇതിലും നല്ല പ്രകടനം, ഇത് സമാനമായ ഡയലോഗ് ഡെലിവറി ‘കോക്ടെയില്‍’ എന്ന സിനിമയില്‍ ജയസൂര്യ കാഴ്ച വച്ചിട്ടുണ്ട്. കോക്ടെയിലിന് അടുത്തെങ്ങുമെത്തുന്നില്ല ഒരു കാരണത്താലും താങ്ക് യു.
മൈനയില്‍ തകര്‍ത്തഭിനയിച്ച സേതു ‘താങ്ക് യു’വില്‍ അമ്പേ പരാജയമാണ്. ഹണി റോസിന് പടത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഒരു കാര്യത്തില്‍ മാത്രം സംവിധായകന് പ്രേക്ഷകര്‍ ‘താങ്ക് യു’ പറയും. പടത്തിന് ദൈര്‍ഘ്യം വളരെ കുറവായതില്‍!
by- webdunia
No comments:
Post a Comment