Wednesday, 12 June 2013

കാഴ്ചയിലും അവതരണത്തിലും പുതുമയാഗ്രഹിക്കുന്നവര്‍ക്ക് 'ABCD' ഇഷ്ടമാകും, മാര്‍ട്ടിന്‍ പ്രക്കാട്ട്‌

അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി (എഏ*ഒ) എന്ന് ചിത്രത്തിന് പേരിട്ടപ്പോള്‍ ആദ്യം ഭയന്നത് അമേരിക്കയിലെ ചിത്രീകരണമായിരുന്നു. എത്ര പ്രശസ്തനായാലും അമേരിക്കയിലെ ഇന്നത്തെ നിയമത്തിന്റെ നൂലാമാലയില്‍ നിന്ന് പെട്ടെന്ന് ഒഴിവാകാന്‍ കഴിയില്ല. അത്തരം സാഹചര്യത്തില്‍ ചിത്രീകരണത്തിന്റെ പെര്‍മിഷന്‍ എങ്ങനെ ശരിയാക്കും എന്നതായിരുന്നു ആദ്യത്തെ ടെന്‍ഷന്‍. കുറെ സുഹൃത്തുക്കള്‍ അവിടെയുള്ളതിനാല്‍ ആ കടമ്പ പെട്ടെന്ന് കടന്നു. കഴിഞ്ഞ ഡിസംബറില്‍ അമേരിക്കന്‍ ചിത്രീകരണം പ്ലാന്‍ ചെയ്തു. പക്ഷേ, കൊടും തണുപ്പും ഇരുട്ടുമൂടിയ കാലാവസ്ഥയും ചിത്രീകരണത്തിന് അനുയോജ്യമായി വന്നില്ല. അങ്ങനെയാണ് മെയ് അവസാനത്തേക്ക് ചിത്രീകരണം മാറ്റിവെക്കേണ്ടി വന്നത്.
അമേരിക്കയില്‍ ഇപ്പോള്‍ പൊടിമഞ്ഞ് വീഴുന്ന തെളിഞ്ഞ കാലാവസ്ഥയാണ്. ഇരുട്ട് പരക്കാന്‍ രാത്രി എട്ടു മണിയാകും. അത്രയും സമയം നമുക്ക് ഷൂട്ട് ചെയ്യാം. പത്തുദിവസം അമേരിക്കയില്‍ ചിത്രീകരണം നടന്നു. പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി കോളേജായിരുന്നു പ്രധാന ലൊക്കേഷന്‍. തിരക്കേറിയ ക്യാമ്പസ്സായിരുന്നിട്ടും ഷൂട്ടിങ്ങും ക്യാമറയും അവര്‍ക്കൊരു പുതുമയായിരുന്നില്ല. ആരും ശല്യപ്പെടുത്താന്‍ എത്തിയില്ല. അമേരിക്കയിലെ തിരക്കേറിയ നഗരമായിരുന്നു ടൈം സ്‌ക്വയര്‍. രാവും പകലും ഒരുപോലെ തിരക്കുള്ള നഗരം. ആ തിരക്കില്‍ ചിത്രീകരിച്ചപ്പോള്‍ പലരും ദുല്‍ഖറെ തിരിച്ചറിഞ്ഞു. മലയാളികളോട് ബഹുമാനം തോന്നിപ്പോയ നിമിഷമായിരുന്നു അത്. ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി, ഫിലാഡാല്‍ഫിയ എന്നിവിടങ്ങളിലും ചിത്രീകരണം ഉണ്ടായിരുന്നു.

ഷൂട്ടിങ്ങിനായി മുറിക്ക് പുറത്ത് ഒരു കളിത്തോക്കു പോലും ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല. അതിന്റെ പെര്‍മിഷന്‍ ശരിയാക്കിയെടുക്കാന്‍ ഒരു മാസം പേപ്പര്‍ വര്‍ക്ക് നടത്തേണ്ടി വരുമെന്ന് കണ്ടപ്പോള്‍ ആ സീന്‍ ഇന്‍ഡോറില്‍ ചിത്രീകരിക്കേണ്ടി വന്നു. ദുല്‍ഖര്‍ സല്‍മാന്‍ പാടിയ 'പപ്പാഭരണം വേണ്ടപ്പാ..' എന്നു തുടങ്ങുന്ന ഗാനം ചിത്രീകരിച്ചത് ഇവിടെയായിരുന്നു. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ഗോപിസുന്ദറാണ് ഈണം പകര്‍ന്നത്.

ദുല്‍ഖര്‍സല്‍മാന്‍, ലാലു അലക്‌സ്, തമ്പി ആന്റണി, സജിനി സക്കറിയ എന്നിവരാണ് അമേരിക്കയില്‍ ഷൂട്ടിങ് ടീമിനൊപ്പം ഉണ്ടായിരുന്നത്. പുറമെ നാടകം, ചാനല്‍ രംഗങ്ങളിലെ നിരവധി കലാകാരന്മാരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ആത്മബന്ധങ്ങളുടെ പുതുമയാര്‍ന്ന കഥ പറയുന്ന ചിത്രമാണ് എ. ബി. സി. ഡി. കാഴ്ചയിലും അവതരണത്തിലും എന്തെങ്കിലും പുതുമയാഗ്രഹിക്കുന്നവര്‍ക്ക് 'എ. ബി. സി. ഡി.' ഇഷ്ടമാകുമെന്നാണ് എന്റെ പ്രതീക്ഷ.

No comments:

Post a Comment